കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ ബിജെപിക്കുണ്ടായ തിരിച്ചടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പടയൊരുക്കം. തൃശൂർ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള മണ്ഡലങ്ങളിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ലെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
ജില്ലയിലേക്ക് പദ്ധതികളൊന്നും കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക് കഴിയാത്തത് തിരിച്ചടിയായെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മണലൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളില്‍ 2021നെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ വര്‍ധനവുണ്ടായപ്പോള്‍ ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനം നിരാശാജനകമാണെന്ന് ഇവര്‍ പറയുന്നു.
തൃശൂരിൽ നിന്ന് ആദ്യമായി ഒരു ബിജെപി പ്രതിനിധിയെ പാർലമെന്റിലേക്ക് അയച്ചപ്പോൾ ജനങ്ങൾക്കും പ്രവർത്തകർക്കും വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കേന്ദ്രമന്ത്രിയായിട്ടും ഒരു പദ്ധതിപോലും നേടിയെടുക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ലെന്നാണ് പ്രധാന വിമർശനം.